Wednesday, March 07, 2007

ബാര്‍ബി

വെറുതെ
ചെയ്യാനൊന്നുമില്ലാതെ
ഉണര്‍‍ന്നെന്നു-
മില്ലെന്നും പറയുവാനാകാതെ
ഇടയ് ക്കൊന്നു
ചരിഞ്ഞു കിടക്കുമ്പോള്‍
മൂക്കില്‍ വന്നുരുമ്മുന്നു
മുടിനാരുകള്‍,
മുഖം പൂഴ്ത്തുമ്പോള്‍
മുല്ലപ്പൂവിന്‍ മണം,
പെണ്ണുടലിനെ
ചേര്‍ത്തണയ്ക്കുമ്പോള്‍
ഉള്ളംകൈയിലിത്തിരി
മഞ്ഞിന്‍ തണുപ്പ്.
പഞ്ഞിക്കനം.

കണ്ണുകള്‍ക്കുണരുവാന്‍
മടിയുണ്ടെന്നാലുമെന്‍
വിരലില്‍ തുളുമ്പുന്ന-
താരെന്നു തിരഞ്ഞപ്പോള്‍,
കൌതുകം കണ്‍പീലിയില്‍
വിടര്‍ത്തിച്ചിരിച്ചൊരു
വെളുത്ത പാവക്കുട്ടി.

മകളെ-
യൊപ്പം കിടന്നുറക്കി,
പിന്നീടവളെഴുന്നേറ്റപ്പോ-
ളെടുത്തടുത്തു കിടത്തിയ
വെളുത്ത വാവിന്‍ മകള്‍,
എന്‍ മകളെക്കാള്‍
പ്രായമൊത്തിരിക്കൂടും,
കണ്ടാലിവള്‍ക്കു പതിനേഴ്.

നിനക്കന്നതേ പ്രായം.

കൈയെടുക്കാ‍തെ
മുടിയിഴയില്‍ തലോടി
കൈത്തണ്ടയിലുരുമ്മി;
വെണ്മെഴുകിന്‍ വിശുദ്ധിയി-
ലഴുക്കു പുരട്ടുന്ന-
തെന്തിനെന്നോര്‍ത്തിട്ടാവാം;
ഇവള്‍ക്കു വിസമ്മതം.
നഖത്തിന്നതിരുകള്‍ തോറു-
മെന്‍ നഖമുന
പണ്ടു നിന്നരികില്‍ ഞാ-
നെന്നപോല്‍ പരതുന്നു.

ഇവളെപ്പോലെ
കടല്‍ക്കക്കരെനിന്നും
നീയെന്‍ നാടു കണ്ടറിയുവാ-
നെത്തിയിട്ടറിഞ്ഞത-
ന്നെന്നെയായിരുന്നല്ലോ.
എന്റെ കൈവശമുള്ള
ചെപ്പടിവിദ്യക്കൊക്കെ
കൈയടി,
ഇടംകൈയാല്‍
മുടി കോതിയിട്ടെനി-
ക്കിപ്പോഴുമറിയാത്ത
പുഞ്ചിരി,
കടല്‍ക്കരെ
മണ്ണിതു തിരയതെ-
ന്നോരോന്നും-
നിന്നോടൊന്നു മിണ്ടുവാന്‍ മാത്രം-
പറഞ്ഞങ്ങനെയിരിക്കുമ്പോള്‍
ഇടക്കു മുട്ടിന്‍മുകളെത്തുന്ന
ഫ്രോക്കിന്‍ തുമ്പെന്‍
വിരലില്‍ മുട്ടുന്നതി-
ലാണെനിക്കുടല്‍പ്പൂരം.

സന്ധ്യയില്‍
കരിയില ഭൂപടം വരയ്ക്കുന്ന
വഴികള്‍ തീരുന്നിടത്തുത്സവം,
കണ്ണില്‍
ചൂട്ടു കത്തിച്ച വെളിച്ചത്തില്‍
പ്ലാവിലക്കോലം,
കടല്‍ കടക്കാനെന്നെക്കാളും
കൊതിച്ചു പറന്നെത്തുമന്നങ്ങള്‍
നിന്നെത്തൊട്ടു-തൊട്ടില്ല;
ഇരുട്ടിന്റെ-
യുത്സവം കഴിഞ്ഞു നാം
മടങ്ങും മുമ്പെന്‍
കാലില്‍ത്തട്ടിയ
കുരുത്തോല മെടഞ്ഞ കളിപ്പാവ
അന്നു നീ പൊടി തട്ടി
മാറിലേക്കണച്ചല്ലോ.

പിന്നെ
നീ മടങ്ങും മുമ്പുണങ്ങി
കുരുത്തോലപ്പാവയും
പച്ചീര്‍ക്കിലി
പാളയില്‍ കൊരുത്തതാം
നമ്മുടെ പ്രണയവും.

ഇന്നെനിക്കടുത്തൊരു
വെളുത്ത പാവക്കുട്ടിയായി
നീയുറങ്ങുന്നു.
മകള്‍ക്കമ്മയെക്കാളും
നിന്നെയാണിഷ്ടം,
ഞങ്ങള്‍
കണ്ടുകണ്ടിരിക്കുമ്പോള്‍ നരയ്ക്കും,
നിനക്കപ്പോള്‍-
എപ്പൊഴും-
പതിനേഴ്.

മാധ്യമം ആഴ്ച്ചപ്പതിപ്പ് 2006 സെപ്റ്റംബര്‍

4 comments:

മനോജ്‌ കുറൂര്‍ said...

കടല്‍ക്കരെ
മണ്ണിതു തിരയതെ-
ന്നോരോന്നും-
നിന്നോടൊന്നു മിണ്ടുവാന്‍ മാത്രം-
പറഞ്ഞങ്ങനെയിരിക്കുമ്പോള്‍
ഇടക്കു മുട്ടിന്‍മുകളെത്തുന്ന
ഫ്രോക്കിന്‍ തുമ്പെന്‍
വിരലില്‍ മുട്ടുന്നതി-
ലാണെനിക്കുടല്‍പ്പൂരം

sunil krishnan said...

പൊടിയില്‍ നിന്ന്‌ മല
ഇലയില്‍ നിന്ന്‌ കാട്‌
ഉടലിന്റെ ശരീരത്തില്‍
ദ്രവിച്ച തീരങ്ങളില്‍
ബാല്യം,കൌമാരം, യൌവനം
പൊടി,മല,ഇല, കാട്

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള മാര്‍ച്ച് മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിക്കുന്നു. താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക. എല്ലാ വിഭാഗത്തില്‍ പെട്ട ബ്ലോഗുകളും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കു www.mobchannel.com or http://vidarunnamottukal.blogspot.com സന്ദര്‍ശിക്കുക..... എന്ട്രികള്‍‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം 31.3.2007 ആണ്

സു | Su said...

ബാര്‍ബിയെ കാണാന്‍ വന്നതായിരുന്നു. കണ്ടു. മനസ്സിലാക്കി. നന്നായിരിക്കുന്നു.
:)