Sunday, January 14, 2007

മാറ്റൊലിയെന്നവള്‍

ഉറക്കെയുള്ള ചോദ്യങ്ങള്‍
ഉടനേ തിരിച്ചെത്തുന്ന
മറുത്തുകളിയേതെന്ന്
ആദ്യമൊന്നു പകച്ചു.

കുന്നുകള്‍ക്കിടയില്‍ച്ചൂണ്ടി
ആരാണാരാണെന്ന്
അതിലേ വന്ന ചെക്കനോട്
ചുഴിഞ്ഞുചോദിച്ചപ്പോള്‍
‍കൈയിലെ കൂടംകൊണ്ട്
കുന്നുകളുടെ മൂശയുടച്ച്
അവയ്ക്കിടയില്‍ തുളുമ്പിനിന്ന
അവളെ കാണിച്ചുതന്നു.

മുന്താണിയിട്ടുടുത്ത
മഴവില്ലിനോടു ചേര്‍ന്ന്
താഴ് വരയിലേക്കു ചെരിഞ്ഞ
അവളുടെ പുറംവടിവും
മഴക്കാടിന്റെ പച്ചയ്ക്കിടയില്‍
മുട്ടുകുത്തിയിരിക്കയാല്‍
ഇലക്കൊമ്പുകള്‍ക്കു താഴെ
മറഞ്ഞ അരക്കെട്ടും
താഴത്തെ തടാകത്തില്‍
‍താളിതേച്ചു പതഞ്ഞ്
തഴച്ച മുടിക്കെട്ടും
പാറയുടെയിടുക്കിലെ
മഞ്ഞുവീണയിടങ്ങളില്‍
ഞെരുങ്ങിനിന്ന മുലകളും
അവന്റെകണ്ണില്‍ക്കണ്ടു.

കുന്നുകള്‍ക്കിടയിലെആകാശമല്ല,
അവളാണതെന്ന്
അങ്ങനെയാണറിഞ്ഞത്.

ചെറിയ കാറ്റു വന്നാലും
ഒലിയുമുടലും ചേര്‍ന്ന്
ഉലഞ്ഞാടുമെന്നു പേടിച്ച്
കുന്നുകള്‍ക്കിടയില്‍നിന്ന്
അവള്‍ പുറത്തു വന്നില്ല.
ഏതു വാക്കിന്റെയൊടുക്കവും
ശ്വാസോച്ഛ്വാസത്തിനൊപ്പം
ഏറ്റെടുക്കുന്നവളെ നോക്കി
മൂശാരിച്ചെക്കന്‍ പറഞ്ഞു;

‘അപ്പനപ്പൂപ്പന്മാര്‍ തൊട്ട്
ശില്പമുണ്ടാക്കാന്‍ പഠിച്ചത്
ഈ കുന്നിന്‍ ചെരിവില്‍
ഉടച്ച പാറകളിലാണ്.
ഉരുകിയുറയ്ക്കാത്ത
ഉടലിന്റെയോളങ്ങള്‍
പൊട്ടിച്ചയിടങ്ങളിലൂടെ
പുറത്തു വരുന്നതു കണ്ട്
അവരുടെയാസക്തി
ലോഹങ്ങളിലേക്കു തിരിഞ്ഞു.
കഥയറിയാത്തവര്‍
ഇടയ്ക്കിടെ വന്ന്
അവരുടെ വാക്കുകള്‍ വിളമ്പും.
ഏറ്റു ചൊല്ലുന്നതിനെ
പ്രാര്‍ത്ഥനയെന്നല്ല
പരിഹസിക്കലെന്നു കരുതും.
തടാകത്തിലെ വെള്ളത്തില്‍‍
തെളിഞ്ഞു കാണുന്നതിനെ
മരണമെന്നല്ല
അവനവനെന്നുറപ്പിക്കും.’

തിടുക്കത്തില്‍ പറഞ്ഞുനിര്‍ത്തി
അവന്‍ നടന്നുപോയപ്പോള്‍
മറവിയില്‍പ്പെട്ട ഞാന്‍
കഥതന്നെ മറന്നു.
കുന്നുകളില്ലാത്തിടത്ത്
അവളെ വിളിച്ചു നടന്നു.
തടാകക്കരയിലെത്തി
താഴേയ്ക്കു നോക്കിയിരുന്നു.

[കേരളകൌമുദി ഓണപ്പതിപ്പ് 2006]

2 comments:

sunil krishnan said...

പുതുകവിതയെ കുറ്റം പറയുന്നവര്‍ ഇതോന്നു നോക്കൂ... ഇതൊന്നു നോക്കൂ....

ലാപുട said...

മാറ്റൊലിയെ ഒരു പെണ്‍വാക്കായി വരച്ചിട്ടത് വായിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ തണുപ്പുകള്‍ മുഖത്തുവീണ് ഞെട്ടി വായനക്കാരന്‍ കവിതയിലേക്ക് ഉണരുന്നു...

ഹൃദ്യമായ കവിത..‍